Top Stories

ഉത്രാ വധക്കേസ്: സൂരജിനെ ഇന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം : ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. കൊല്ലം ജില്ലാ ജയിലില്‍ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്‍റെ അഭിഭാഷകര്‍ അറിയിച്ചു. എന്നാൽ സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച്‌ നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

2020 മേയ് ആറിനു രാത്രി സ്വന്തംവീട്ടിൽവെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button