കോട്ടയത്ത് ഉരുൾപൊട്ടൽ
കോട്ടയം : കോട്ടയത്ത് ഉരുൾപൊട്ടൽ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ ആറു പേർ ഒരു വീട്ടിലെ അംഗങ്ങളാണ്.
കൂട്ടിക്കലിലെ മൂന്നാം വാർഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തിൽ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്.
മൂന്ന് വീടുകളും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. നിലവിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.