ജമ്മു കശ്മീർ ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും
ഡൽഹി : ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾ എന്‍ ഐ എ അന്വേഷിക്കും. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം 11 സാധാരണക്കാര്‍ കൊല്ലപ്പെട്ട കേസുകളാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. രണ്ടാഴ്ചക്കിടെ ജമ്മുകശ്മീരില്‍ പതിനൊന്നോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
വിഭാഗീയത സൃഷ്ടിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമാണ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളും കശ്മീരി പണ്ഡിറ്റുകളില്‍ ഒരു വിഭാഗവും മറ്റിടങ്ങളിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, കരസേനാ മേധാവി എംഎം നരവനെ ഇന്ന് ജമ്മു സന്ദര്‍ശിക്കും. അതിര്‍ത്തി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന കരസേന മേധാവി സുരക്ഷാ വിലയിരുത്തലും നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എം എം നരവനെ ജമ്മുകാശ്മീരില്‍ എത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെയും പൂഞ്ചില്‍ ഭീകരര്‍കായുള്ള തെരച്ചിലിന്റെയും പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.