അനിത പുല്ലയിലിന്‍റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്
കൊച്ചി : മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. മോന്‍സന്റെ പലസാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിയാമായിരുന്നു. മോന്‍സന്‍ വിദേശമലയാളികളടക്കം പൊലീസിലെ വലിയ ഉന്നതരെ പരിചയപ്പെട്ടത് അനിത വഴിയാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച മൊഴികളും തെളിവുകളും. മോന്‍സന്‍റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴിയെടുത്തത്. വിദേശത്തായതിനാൽ വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി പരിശോധിച്ച ശേഷം വേണമെങ്കില്‍ നേരിട്ട് മൊഴി രേഖപ്പെടുത്തും.
അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്‍റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്‍റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.
എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല. മോന്‍സന്‍റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ കലൂരിലെ മ്യൂസിയത്തിന്‍റെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു.
കൊച്ചിയില്‍ ‘കൊക്കൂണ്‍’ നടത്തിയ സമയത്താണ് അനിത പൊലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയതും ഇവരെ മോന്‍സന്റെ വീട്ടിലെത്തിച്ചതും. വിദേശമലയാളികളുമായിട്ടുള്ള ഇവരുടെ പുരാവസ്തു ഇടപാടിനും അനിത പലതരത്തില്‍ സഹായിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.