തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ; ഉന്നതർ പലരും ഒളിക്യാമറയിൽ പെട്ടു
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ മോൻസന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി മൊഴി. മോന്‍സനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഉന്നതര്‍ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്. സൗന്ദര്യ വര്‍ധക ചികിത്സയും മസാജിങ്ങുമാണ് ഇവിടെ നടന്നിരുന്നത്. ഈ ചികിത്സാ കേന്ദ്രത്തിനുള്ളില്‍ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി പറയുന്നത്. മോന്‍സന്റെ ചികിത്സതേടി എത്തിയവര്‍ പലരും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോന്‍സന്‍ കോടികള്‍ തിരിച്ചു നല്‍കാന്‍ ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനല്‍കാത്തത്.
പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് വരും ദിവസങ്ങളിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്. പതിനേഴ് വയസുമുതൽ തന്നെ മോൻസൺ പീഡിപ്പിച്ചിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. മോൻസൺ അറസ്റ്റിലാകുന്നതുവരെ മൂന്നുവർഷത്തോളം പീഡനം തുടർന്നിരുന്നുവെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണമാണ് സംഭവത്തിൽ നടക്കുന്നത്. പെൺകുട്ടി മോൻസന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.