Top Stories

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ നിർത്തണമെന്ന് മേൽനോട്ട സമിതി

തിരുവനന്തപുരം :  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന നിർണ്ണായക തീരുമാനമെടുത്ത് മേല്‍നോട്ട സമിതി.  സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച്‌ ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുകയെന്ന് കേരളം യോഗത്തില്‍ അറിയിച്ചു. തുടര്‍ന്നാണ് ശനിയാഴ്ച വരെ 138 അടിയില്‍ നിജപ്പെടുത്താമെന്ന് തമിഴ്നാട് അറിയിച്ചത്.138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 137.60 അടിയാണ്. സെക്കന്റില്‍ 2300 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്റില്‍ 2200 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ മാറി നില്‍ക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button