Top Stories

ആര്യന്‍ ഖാന് ജാമ്യം

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മാര്‍ച്ചന്റിനും മുന്‍ മുന്‍ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ്  മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നത്. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ആര്യന്‍ഖാന് മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ആര്യന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത എന്‍സിബി ആര്യന്‍ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്. കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്.

23-കാരനായ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലായത്. മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താന്‍ എന്‍സിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button