ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവ് ഏറെ സന്തോഷിപ്പിക്കുന്നതായി എ കെ ആന്റണി
തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് ഏറെ സന്തോഷിപ്പിക്കുന്നതായി എ കെ ആന്റണി. പഴയതുപോലെ അടുത്തു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം തങ്ങള്‍ക്ക് ഉണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും ചെറിയാനെ സ്വാഗതം ചെയ‌്തു കഴിഞ്ഞുവെന്ന് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ്സിലേക്കുള്ള തിരിച്ചു വരവിനോടാനുബന്ധിച്ച് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.പാര്‍ട്ടി ബന്ധം മാത്രമല്ല, ചെറിയാന്‍ ഫിലിപ്പുമായി തനിക്കുള്ളത് കുടുംബാംഗത്തെ പോലെയുള്ള ബന്ധമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചെറിയാന് കോൺഗ്രസ്സിൽ നിന്നും ചില മാനസിക പ്രയാസങ്ങള്‍ ഉണ്ടായി എന്ന തോന്നലുണ്ടായപ്പോള്‍ ചെറിയാന്‍ വികാരപരമായ തീരുമാനമെടുക്കുകയായിരുന്നു. ആ ഘട്ടത്തില്‍ എനിക്ക് കുറച്ച് പരിഭവവും പിണക്കവുമുണ്ടായി. അതൊരു ഷോക്ക് തന്നെയായിരുന്നു. കുറച്ചു നാളത്തേക്ക് ഞങ്ങള്‍ തമ്മില്‍ സമ്പര്‍ക്കമില്ലായിരുന്നു. പിന്നീടെനിക്ക് തോന്നി, കോണ്‍ഗ്രസില്‍ നിന്ന് രാജിവയ‌്‌ക്കാന്‍ ചെറിയാന് ചെറിയാന്റേതായ ന്യായങ്ങളുണ്ടാകും. അതോടുകൂടി എന്റെ പരിഭവങ്ങള്‍ അവസാനിച്ചു. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം സാധാരണ നിലയിലായി.
കോൺഗ്രസ് കൂടുതൽ ശക്തമാകേണ്ട സാഹചര്യത്തിൽ ചെറിയാന്റെ മടങ്ങിവരവ് പാർട്ടിക്ക് ഒരുപാട് ഗുണം ചെയ്യും. ചെറിയാൻ കോൺഗ്രസിലേക്ക് തിരികെ വരുന്നതിൽ പാർട്ടിയിലെ എല്ലാവരും സന്തോഷിക്കും. 20 വർഷം വിട്ടുനിന്നുവെങ്കിലും കോൺഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാട്ടിയിലും ചെറിയാൻ അംഗത്വം എടുത്തിട്ടില്ല. സി പി എമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിട്ടും പാർട്ടി അംഗത്വമെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളുമെല്ലാം കോൺഗ്രസിലാണ് ഉള്ളതെന്നും ആന്റണി ചൂണ്ടിക്കാട്ടി.