ജാമ്യക്കാർ പിന്മാറി; ബിനീഷ് ഇന്ന് ജയിൽ മോചിതനായില്ല
ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായില്ല. അവസാന നിമിഷം ജാമ്യക്കാർ പിന്മാറിയതോടെയാണ് ബിനീഷ് ജയിലിൽ തുടരേണ്ടി വന്നത്. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകുകയായിരുന്നു.
അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകൾ അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.
കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ നാളെ കോടതിയിൽ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാൻ കഴിയൂ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ.
5 ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി.