മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 എന്നീ രണ്ടു ഷട്ടറുകളാണ് തുറന്നത്. വെള്ളിയാഴ്ച രാവിലെ 7.30 നാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 534 ഘനയടി വെള്ളമാണ് തുറന്നുവിടുക. മൂന്നു വര്‍ഷത്തിന് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തമിഴ്നാട് തുറക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകൾ തുറന്നത്.
രാവിലെ ഏഴുമണിക്ക് ഷട്ടര്‍ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ വൈകിയതിനെ തുടര്‍ന്ന് ഏഴരയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. വള്ളക്കടവില്‍ 20 മിനുട്ടിനകവും രണ്ടു മണിക്കൂറിനകം ഇടുക്കി ഡാമിലും വെള്ളമെത്തും. ജലനിരപ്പ് 0.25 അടി ഉയരും. അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും രാവിലെ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തി. ഡാം തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും, എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി മന്ത്രിമാര്‍ പറഞ്ഞു.
ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ വകുപ്പുകളും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. അതിനിടെ, മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലർട്ട് നൽകി.