രണ്ടു പതിറ്റാണ്ടിന് ശേഷം തറവാട്ടില്‍ തിരിച്ചെത്തി: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഇടതു സഹയാത്രികനായിരുന്ന ചെറിയാൻ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസിൽ തിരികെ എത്തുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രണ്ടു പതിറ്റാണ്ടിന് ശേഷം തറവാട്ടില്‍ തിരിച്ചെത്തിയെന്ന് പത്ര സമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ രാവിലെ എന്നെ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. ഇന്ന് രാവിലെ എന്റെ രാഷ്‌ട്രീയ ഗുരു എകെ ആന്റണിയെ കണ്ട് അനുഗ്രഹം നേടുകയുണ്ടായി. 20 വര്‍ഷത്തെ ഇടവേളയക്ക് ശേഷം ഞാന്‍ എന്റെ തറവാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് തന്നെ വീണ്ടും ഇന്ത്യയുടെ ഭരണഭാഗധേയത്തിലും രാഷ്‌ട്രീയ മുന്നേറ്റത്തിലുമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളതുകൊണ്ടാണ് ജീവതസായാഹ്നത്തില്‍ കോണ്‍ഗ്രസിനെ കെട്ടിപടുക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തില്‍ ഞാനും പങ്കാളിയാകുന്നത്.
കെഎസ്‌യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും വളര്‍ച്ചയില്‍ തന്റെ ഡിപ്പോസിറ്റുണ്ട്. തന്നെ ആരും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ല. കോണ്‍ഗ്രസിലെ അധികാര മേധവിത്വത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടിവിട്ടത്. എന്നാൽ 20 വർഷത്തിന് ശേഷം കോൺഗ്രസ്സിന്റെ സാഹചര്യം മാറിയെന്നും ചെറിയാന്‍ വ്യക്തമാക്കി. എകെ ആന്റണിയെ വീട്ടിലെത്തി കണ്ടതിനു ശേഷമായിരുന്നു ചെറിയാന്റെ വർത്താസമ്മേളനം.
മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ന്യായീകരണത്തൊഴിലാളി ആയാണ് ഇത്രയും കാലം സിപിഎമ്മില്‍ പ്രവര്‍ത്തിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ് തുറന്നടിച്ചു. സിപിഎം ഏല്‍പ്പിച്ച എല്ലാ രാഷ്‌ട്രീയ ചുമതലകളും സത്യസന്ധമായി നിറവേറ്റി. എകെജി സെന്ററില്‍ നടക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാം. ഒന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല, പറയുകയുമില്ല. എല്ലാരും പറയുന്നതുപോലെ അധികാരസ്ഥാനങ്ങളല്ല സിപിഎമ്മില്‍ തനിക്കു നേരിടേണ്ടി വന്ന പ്രശ്നം. രാഷ്‌ട്രീയരംഗത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി താന്‍ മാറുകയായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ചെറിയാനെ നേതാക്കൾ കോൺഗ്രസിലേക്കു സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്കിന്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു വേദിയിൽ ചെറിയാന്റെ പ്രസംഗം. ജീവിത അവസാനം വരെ ഉമ്മൻ ചാണ്ടി തന്റെ രക്ഷിതാവായി കൂടെ ഉണ്ടാകണമെന്ന ആഗ്രഹം ചെറിയാൻ പ്രകടിപ്പിച്ചിരുന്നു.
20 വര്‍ഷത്തിന് ശേഷം സമാന ചിന്താഗതിക്കാര്‍ ഒരു വേദിയിലെത്തുന്നു എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ നിലപാടിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശേഷിപ്പിച്ചത്. ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് എന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റു പറ്റിയത് തനിക്കാണ്. കോണ്‍ഗ്രസ് നേതൃത്വം ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.
രാജ്യസഭാ സീറ്റിൽ പരിഗണിക്കാതിരുന്നത് മുതൽ ചെറിയാൻ ഫിലിപ്പ് സിപിഐഎം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി നൽകിയെങ്കിലും ചെറിയാൻ നിരസിച്ചു. കോൺഗ്രസിൽ നിന്നും പ്രധാന നേതാക്കളുൾപ്പെടെ സിപിഐഎമ്മിലേക്ക് ചേക്കേറുമ്പോൾ ചെറിയാന്റെ തിരിച്ചുവരവ് ആഘോഷമാക്കാനാണ് കോൺഗ്രസ് നീക്കം.