Top Stories

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തെക്കേ ഇന്ത്യന്‍ തീരത്തോട് അടുക്കുന്നതാണ് മുന്നറിയിപ്പിന് കാരണം. അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും ഓറ‍ഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റന്നാള്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടര്‍ന്നേക്കും.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്നാടും ഇടയിലുള്ള തീരത്തുള്ള പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ കന്യാകുമാരി തീരത്തിന് സമീപം എത്തുമെന്നാണ് വിലയിരുത്തല്‍. ശക്തമായ മഴയുടേയും കാറ്റിന്റെയും മുന്നറിയിപ്പുള്ള പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button