Top Stories
സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും
തിരുവനന്തപുരം : നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് പ്രവേശനോത്സവത്തോടെ തന്നെയാണ് സ്കൂളുകള്‍ തുറക്കുന്നത്. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം.
കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂള്‍ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. 2400 തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളില്‍. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.
8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതല്‍ 8, 9 ക്ലാസികളും പ്ലസ് വണും കൂടി തുടങ്ങും. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.
രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കള്‍ സ്കൂളില്‍ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിര്‍ദ്ദേശങ്ങള്‍.