Month: October 2021

  • News
    Photo of ജാമ്യക്കാർ പിന്മാറി; ബിനീഷ് ഇന്ന് ജയിൽ മോചിതനായില്ല

    ജാമ്യക്കാർ പിന്മാറി; ബിനീഷ് ഇന്ന് ജയിൽ മോചിതനായില്ല

    ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായില്ല. അവസാന നിമിഷം ജാമ്യക്കാർ പിന്മാറിയതോടെയാണ് ബിനീഷ് ജയിലിൽ തുടരേണ്ടി വന്നത്. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകുകയായിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകൾ അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ നാളെ കോടതിയിൽ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാൻ കഴിയൂ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. 5 ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,451 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,842 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 514 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 78,722 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 86 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 276 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,156 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6648 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 632, കൊല്ലം 402, പത്തനംതിട്ട 272, ആലപ്പുഴ 288, കോട്ടയം 212, ഇടുക്കി 362, എറണാകുളം 1733, തൃശൂര്‍ 440, പാലക്കാട് 257, മലപ്പുറം 487, കോഴിക്കോട് 744, വയനാട് 195, കണ്ണൂര്‍ 461, കാസര്‍ഗോഡ് 163 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,722 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.…

    Read More »
  • Top Stories
    Photo of കന്നട നടൻ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു

    കന്നട നടൻ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു

    ബംഗളൂരു : കന്നഡ സൂപ്പര്‍താരം പുനീത് രാജ്‌കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പുനീത്. ഇതിഹാസ താരം രാജ്‌കുമാറിന്റെയും  പർവതാമ്മാ രാജ്കുമാറിന്റെയും മകനാണ് പുനീത് രാജ്‌കുമാര്‍. 1985ല്‍ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ‌്തു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. 2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ‌്തത്. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്.  അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നൂറോളം ചിത്രങ്ങളിൽ പുനീത് പാടിയിട്ടുണ്ട്. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളിൽ അവതാരകനായി തിളങ്ങി. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം ശിവരാജ് കുമാര്‍ സഹോദരനാണ്. അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാർ, ധൃതി രാജ്കുമാർ എന്നിവർ മക്കളാണ്.

    Read More »
  • Top Stories
    Photo of രണ്ടു പതിറ്റാണ്ടിന് ശേഷം തറവാട്ടില്‍ തിരിച്ചെത്തി: ചെറിയാൻ ഫിലിപ്പ്

    രണ്ടു പതിറ്റാണ്ടിന് ശേഷം തറവാട്ടില്‍ തിരിച്ചെത്തി: ചെറിയാൻ ഫിലിപ്പ്

    തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഇടതു സഹയാത്രികനായിരുന്ന ചെറിയാൻ  രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസിൽ തിരികെ എത്തുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടിന് ശേഷം തറവാട്ടില്‍ തിരിച്ചെത്തിയെന്ന് പത്ര സമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ രാവിലെ എന്നെ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. ഇന്ന് രാവിലെ എന്റെ രാഷ്‌ട്രീയ ഗുരു എകെ ആന്റണിയെ കണ്ട് അനുഗ്രഹം നേടുകയുണ്ടായി. 20 വര്‍ഷത്തെ ഇടവേളയ‌ക്ക് ശേഷം ഞാന്‍ എന്റെ തറവാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് തന്നെ വീണ്ടും ഇന്ത്യയുടെ ഭരണഭാഗധേയത്തിലും രാഷ്‌ട്രീയ മുന്നേറ്റത്തിലുമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളതുകൊണ്ടാണ് ജീവതസായാഹ്നത്തില്‍ കോണ്‍ഗ്രസിനെ കെട്ടിപടുക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തില്‍ ഞാനും പങ്കാളിയാകുന്നത്. കെഎസ്‌യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും വളര്‍ച്ചയില്‍ തന്റെ ഡിപ്പോസിറ്റുണ്ട്. തന്നെ ആരും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ല. കോണ്‍ഗ്രസിലെ അധികാര മേധവിത്വത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടിവിട്ടത്. എന്നാൽ 20 വർഷത്തിന് ശേഷം കോൺഗ്രസ്സിന്റെ സാഹചര്യം മാറിയെന്നും ചെറിയാന്‍ വ്യക്തമാക്കി. എകെ ആന്റണിയെ വീട്ടിലെത്തി കണ്ടതിനു ശേഷമായിരുന്നു ചെറിയാന്റെ വർത്താസമ്മേളനം. മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ന്യായീകരണത്തൊഴിലാളി ആയാണ് ഇത്രയും കാലം സിപിഎമ്മില്‍ പ്രവര്‍ത്തിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ് തുറന്നടിച്ചു. സിപിഎം ഏല്‍പ്പിച്ച എല്ലാ രാഷ്‌ട്രീയ ചുമതലകളും സത്യസന്ധമായി നിറവേറ്റി. എകെജി സെന്ററില്‍ നടക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാം. ഒന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല, പറയുകയുമില്ല. എല്ലാരും പറയുന്നതുപോലെ അധികാരസ്ഥാനങ്ങളല്ല സിപിഎമ്മില്‍ തനിക്കു നേരിടേണ്ടി വന്ന പ്രശ്നം. രാഷ്‌ട്രീയരംഗത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി താന്‍ മാറുകയായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടതിന് പിന്നാലെ ചെറിയാനെ നേതാക്കൾ കോൺഗ്രസിലേക്കു സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്കിന്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു വേദിയിൽ ചെറിയാന്റെ പ്രസംഗം. ജീവിത അവസാനം വരെ ഉമ്മൻ ചാണ്ടി തന്റെ രക്ഷിതാവായി കൂടെ ഉണ്ടാകണമെന്ന ആഗ്രഹം ചെറിയാൻ പ്രകടിപ്പിച്ചിരുന്നു. 20 വര്‍ഷത്തിന് ശേഷം സമാന ചിന്താഗതിക്കാര്‍ ഒരു വേദിയിലെത്തുന്നു എന്നായിരുന്നു…

    Read More »
  • Top Stories
    Photo of ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവ് ഏറെ സന്തോഷിപ്പിക്കുന്നതായി എ കെ ആന്റണി

    ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവ് ഏറെ സന്തോഷിപ്പിക്കുന്നതായി എ കെ ആന്റണി

    തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് ഏറെ സന്തോഷിപ്പിക്കുന്നതായി എ കെ ആന്റണി. പഴയതുപോലെ അടുത്തു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം തങ്ങള്‍ക്ക് ഉണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും ചെറിയാനെ സ്വാഗതം ചെയ‌്തു കഴിഞ്ഞുവെന്ന് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ്സിലേക്കുള്ള തിരിച്ചു വരവിനോടാനുബന്ധിച്ച്‌ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.പാര്‍ട്ടി ബന്ധം മാത്രമല്ല, ചെറിയാന്‍ ഫിലിപ്പുമായി തനിക്കുള്ളത് കുടുംബാംഗത്തെ പോലെയുള്ള ബന്ധമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചെറിയാന് കോൺഗ്രസ്സിൽ നിന്നും ചില മാനസിക പ്രയാസങ്ങള്‍ ഉണ്ടായി എന്ന തോന്നലുണ്ടായപ്പോള്‍ ചെറിയാന്‍ വികാരപരമായ തീരുമാനമെടുക്കുകയായിരുന്നു. ആ ഘട്ടത്തില്‍ എനിക്ക് കുറച്ച്‌ പരിഭവവും പിണക്കവുമുണ്ടായി. അതൊരു ഷോക്ക് തന്നെയായിരുന്നു. കുറച്ചു നാളത്തേക്ക് ഞങ്ങള്‍ തമ്മില്‍ സമ്പര്‍ക്കമില്ലായിരുന്നു. പിന്നീടെനിക്ക് തോന്നി, കോണ്‍ഗ്രസില്‍ നിന്ന് രാജിവയ‌്‌ക്കാന്‍ ചെറിയാന് ചെറിയാന്റേതായ ന്യായങ്ങളുണ്ടാകും. അതോടുകൂടി എന്റെ പരിഭവങ്ങള്‍ അവസാനിച്ചു. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം സാധാരണ നിലയിലായി. കോൺഗ്രസ് കൂടുതൽ ശക്തമാകേണ്ട സാഹചര്യത്തിൽ ചെറിയാന്റെ മടങ്ങിവരവ് പാർട്ടിക്ക് ഒരുപാട് ഗുണം ചെയ്യും. ചെറിയാൻ കോൺഗ്രസിലേക്ക് തിരികെ വരുന്നതിൽ പാർട്ടിയിലെ എല്ലാവരും സന്തോഷിക്കും. 20 വർഷം വിട്ടുനിന്നുവെങ്കിലും കോൺഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാട്ടിയിലും ചെറിയാൻ അംഗത്വം എടുത്തിട്ടില്ല. സി പി എമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിട്ടും പാർട്ടി അംഗത്വമെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളുമെല്ലാം കോൺഗ്രസിലാണ് ഉള്ളതെന്നും ആന്റണി ചൂണ്ടിക്കാട്ടി.

    Read More »
  • Top Stories
    Photo of ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം: കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

    ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം: കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

    ന്യൂഡല്‍ഹി : ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരളത്തിന് തിരിച്ചടി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സ്റ്റേ ചെയ്യണോ എന്ന കാര്യത്തില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ വാദം. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ളീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും അതിനാല്‍ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍നിശ്ചയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്‌. മുസ്ളീം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാര്‍, പാലോളി കമ്മിറ്റികള്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് ആ സമുദായത്തിന് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച്‌ ഇതുവരെ സര്‍ക്കാരിന്റെ പക്കല്‍ ആധികാരിക രേഖകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നുമായിരുന്നു സുപ്രീം കോടതിയില്‍ കേരളത്തിന്റെ  നിലപാട്.

    Read More »
  • News
    Photo of വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു

    വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു

    തിരുവനന്തപുരം : വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ വിസമ്മതിച്ചതോടെ കോടതിയില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭര്‍ത്താവിനെയും വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് യുവതിയെ വിവാഹം ചെയ്തത്. ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം നടന്നത്. ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടയില്‍ എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്ബ് വീട്ടില്‍ നിന്ന് മുങ്ങി. പോകുന്ന പോക്കില്‍ സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

    Read More »
  • News
    Photo of വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ പീഡന ശ്രമം: 15 കാരന്റെ മൊബൈല്‍ഫോണ്‍ പരിശോധിക്കും

    വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ പീഡന ശ്രമം: 15 കാരന്റെ മൊബൈല്‍ഫോണ്‍ പരിശോധിക്കും

    മലപ്പുറം : കൊണ്ടോട്ടി കൊട്ടൂക്കരയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 15 കാരന്റെ മൊബൈല്‍ഫോണ്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പോലീസ്  കസ്റ്റഡിയിലെടുത്ത ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറും. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ ഉപയോഗം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്.  മൊബൈല്‍ഫോണ്‍ ദുരുപയോഗം വഴിയുള്ള പ്രേരണയിലാണ് പത്താംക്ലാസ്സുകാരന്‍ യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

    Read More »
  • Top Stories
    Photo of മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

    മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

    ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു.  അണക്കെട്ടിന്റെ 3, 4 എന്നീ രണ്ടു ഷട്ടറുകളാണ് തുറന്നത്.  വെള്ളിയാഴ്ച രാവിലെ 7.30 നാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 534 ഘനയടി വെള്ളമാണ് തുറന്നുവിടുക. മൂന്നു വര്‍ഷത്തിന് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തമിഴ്നാട് തുറക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകൾ തുറന്നത്. രാവിലെ ഏഴുമണിക്ക് ഷട്ടര്‍ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട് ഉദ്യോ​ഗസ്ഥര്‍ വൈകിയതിനെ തുടര്‍ന്ന് ഏഴരയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. വള്ളക്കടവില്‍ 20 മിനുട്ടിനകവും രണ്ടു മണിക്കൂറിനകം ഇടുക്കി ഡാമിലും വെള്ളമെത്തും. ജലനിരപ്പ് 0.25 അടി ഉയരും. അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച്‌ പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച്‌ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും രാവിലെ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തി. ഡാം തുറക്കുന്നത് സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നും, എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി മന്ത്രിമാര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ വകുപ്പുകളും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. അതിനിടെ, മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലർട്ട് നൽകി.

    Read More »
  • Top Stories
    Photo of കുട്ടികള്‍ക്കെതിരായ അക്രമം: ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

    കുട്ടികള്‍ക്കെതിരായ അക്രമം: ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം : കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവര്‍ക്ക് നിയമ പരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ കീഴില്‍ ഏകോപനത്തോടെ പരിപാടികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂള്‍ ഉപയോഗിച്ച്‌ വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ തലത്തില്‍ ക്രോഡീകരിച്ച്‌ പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കൂട്ടായ പരിശ്രമങ്ങളിലൂടെ കണ്ടെത്തും. പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തും. ഇരയാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുപോകാതെ സ്വകാര്യമായി സൂക്ഷിക്കണം. മാധ്യമ വാര്‍ത്തകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായകരമായ സൂചനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Read More »
Back to top button