ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറക്കും
തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറക്കുന്നു. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. 8, 9 ക്ലാസുകള്‍ ഈ മാസം 15 നാണു തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15ന് തുടങ്ങും.
ആശങ്കകൾ വേണ്ടന്നും സ്കൂളുകള്‍ പൂര്‍ണ സജ്ജമായെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ ഒരു ആശങ്കയും വേണ്ട. വീട്ടിൽ മാതാപിതാക്കൾ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്കൂളുകളിലെ ജീവനക്കാരും കുട്ടികളെ നോക്കുക. കുട്ടികളുടെ ശുചിത്വം, സുരക്ഷ എന്നിവയ്ക്ക് വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.
ഇന്നു രാവിലെ തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവത്തോടെയാണ് ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറക്കുന്നത്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.
രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലംപാലിക്കണം. തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ തുടരുക.