Top Stories
മോന്‍സനെതിരെ പീഡന പരാതി: ഇരയായ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു
കൊച്ചി : പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരേയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരേ പീഡനക്കേസിലെ ഇരയായ പെൺകുട്ടി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളിലെത്തിയപ്പോൾ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ മുറിയിൽ പൂട്ടിയിടുകയും മോൻസണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി.
ഒരു മണിക്ക് ആശുപത്രിയിലെത്തിയിട്ടും രണ്ടേകാല്‍ വരെ ഒരു പരിശോധനയും നടത്തിയില്ല. മൂന്നുമണിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, മൂന്നുമണിയോടെ ഡോക്ടര്‍മാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ മോൻസൺ മാവുങ്കലിന്റെ മകൻ പഠിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
ഇതിനിടെ ബന്ധു എത്തി കോടതിയില്‍ പോകേണ്ട കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെണ്‍കുട്ടി പറയുന്നു. വാതില്‍ തള്ളിത്തുറന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടാണ് പിന്നീട് മജിസ്ട്രേറ്റിന് മുന്നിലെത്തിയത്. മജിസ്ട്രറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പിന്നീട് മെഡിക്കല്‍ പരിശോധന നടത്തി.
പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. ഈ സാഹചര്യത്തിലാണ് മോന്‍സനെതിരെയും പോക്‌സോ കേസ് ചുമത്തിയത്. മോന്‍സണെ ഭയന്നിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.