കേന്ദ്രം കുറച്ചതിന് പിന്നാലെ ഇന്ധന നികുതി വീണ്ടും കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
ന്യൂഡൽഹി : കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വര്‍ദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചത്.
കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവർധിത നികുതി കുറച്ചു. അസം, ത്രിപുര, മണിപ്പൂർ, കർണാടക, ഗോവ സംസ്ഥാനങ്ങൾ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു. ഉത്തരാഖണ്ഡ് പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചു. ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്.
അതേസമയം കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാൽ സംസ്ഥാന നികുതിയിൽ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് കേരള സർക്കാരിന്റെ നിലപാട്. രാജ്യവ്യാപകമായ പ്രതിപക്ഷ പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് ചെറിയ തോതിലാണെങ്കിലും നികുതി കുറയ്ക്കാൻ കേന്ദ്രം നിർബന്ധിതമായത്.