Top Stories

കേന്ദ്രം ഇന്ധന നികുതി കുറച്ചത് പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെ: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് സമാനമായി കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെയാണ് കേന്ദ്രം നികുതി കുറച്ചത്.  കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ പെട്രോളിന് 30 രൂപയിലധികമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഭരണഘടനാ പ്രകാരം ചില അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. അതാണ് അവര്‍ ഉപയോഗിച്ചത്. ഇതില്‍ നിന്ന് ഒരു രൂപ പോലും സംസ്ഥാനത്തിന് കിട്ടുന്നില്ല. ഇതിലാണ് കേന്ദ്രം കുറവ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു.

15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയിലെ പുതിയ ഫോര്‍മുല അനുസരിച്ച്‌ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയില്‍ 6400 കോടി രൂപയുടെ കുറവുണ്ടാകും. പെട്രോളിന്റെയും ഡീസലിന്റെയും ആകെ നികുതി സംസ്ഥാനത്തിന് ലഭിക്കുന്നത് എണ്ണായിരം കോടിയോളം മാത്രമാണ്. കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലിത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രശ്‌നമാണ്. ഈ പ്രതിസന്ധിയില്‍ സംസ്ഥാന നികുതി എങ്ങനെ കുറയ്ക്കുമെന്നും ധനമന്ത്രി ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധനവില കുറച്ചിട്ടുണ്ട്. പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ടര രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് ആറര രൂപയും ഡീസലിന് 12.30 രൂപയുമാണ് കുറഞ്ഞത്. ഇതിൽ കൂടുതൽ കുറയ്ക്കാൻ തൽക്കാലം തീരുമാനമില്ലെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button