Top Stories

ഐജി ലക്ഷ്മണയെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐജി ജി. ലക്ഷ്മണയെ സസ്പെന്റ് ചെയ്തു. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ സസ്പെന്റ് ചെയ്തത്.

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലുമായി ഐ ജി ലക്ഷ്മണന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്. ലക്ഷ്മണന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. മോൺസണെതിരായ കേസുകൾ അട്ടിമറിക്കാൻ ലക്ഷ്മണ ഇടപെട്ടുവെന്നും ഔദ്യോഗിക വാഹനത്തിൽ പലതവണ തിരുവനന്തപുരത്ത് നിന്ന് മോൺസന്റെ വസതിയിൽ എത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മോൻസണെതിരേ ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കൽ പോലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മൺ ഇടപെട്ടതിന്റെ രേഖകളും പുറത്തുവന്നിരുന്നു. കേസുകൾ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മോൻസന്റെ പുരാവസ്തു വിൽപ്പനയിൽ ഐജി ലക്ഷ്മണ ഇടനിലക്കാരനായിരുന്നുവെന്നാണ് സംശയിക്കുന്നത്.

ഐജി ലക്ഷ്മണന്റെ സ്റ്റാഫില്‍ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാല്‍, റെജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ ആണ് തെളിവുകള്‍. മോന്‍സന്റെ ജീവനക്കാരോട് പൊലീസുകാര്‍ പുരാവസ്തുക്കള്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്ന് തെളിയിക്കുന്ന വാട്സ്‌ആപ് ചാറ്റുകളും പുറത്തായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button