സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്സിൻ ഡ്രൈറണ്‍
തിരുവനന്തപുരം : കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മുന്നോടിയായി കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ ഡ്രൈ റണ്‍ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കും. അതതു ജില്ലകളിലിലെ ആശുപത്രികളിലാണ് ഡ്രൈറണ്‍ നടത്തുക.
ജനുവരി രണ്ട് മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്‌ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍, അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈറണ്‍ നടത്തിയത്.
സാങ്കേതികതയുടെ സഹായത്തോടെ കൊവിഡ് വാക്‌സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്‌സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോര്‍ട്ടിംഗ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുന്നു.