ഓട്ടോയിൽ ഡ്രൈവര്‍ക്കൊപ്പമിരുന്ന് സഞ്ചരിച്ചാൽ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാവില്ല: ഹൈക്കോടതി
കൊച്ചി : ഓട്ടോറിക്ഷയുടെ മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ടാവില്ലെന്ന് ഹൈക്കോടതി. ഇന്‍ഷുറന്‍സ് കമ്പനി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഗുഡ്സ് ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റ മംഗലാപുരം സ്വദേശി ഭീമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
2008 ജനുവരി 23നാണ് അപകടം ഉണ്ടായത്. കാസര്‍കോട് സ്വദേശി ബൈജുമോന്‍ ഗുഡ്സ് ഓട്ടോയില്‍ നിര്‍മാണ സാമഗ്രികളുമായി പോകുമ്പോള്‍ ഭീമ ഒപ്പം കയറിയിരുന്നു. 1.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീമ നല്കിയ ഹര്‍ജിയില്‍ ട്രൈബ്യൂണലിന്റെ അനുകൂല വിധിയുണ്ടായി.
ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന കമ്ബനിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഓട്ടോ ഡ്രൈവറും ഉടമയുമായ ബൈജുമോനാണ് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയെന്നും കോടതി വ്യക്തമാക്കി.