Top Stories

കനത്ത മഴ: തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും തീരദേശത്തും ശക്തമായ മഴ. പല സ്ഥലത്തും വലിയ നാശനഷ്ടമുണ്ടായി. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ശക്തമായ മഴ ഇടതടവില്ലാതെ തുടരുകയാണ്. മിക്ക നദികളും കരകവിഞ്ഞ് ഒഴുകകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടിയിലാണ്.ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 220 സെന്റിമീറ്റർ ഉയർത്തി. വിതുര, പൊൻമുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

നെയ്യാറ്റിൻകര ദേശീയപാതയിലെ പാലം ഇടിഞ്ഞു. നെയ്യാറ്റിൻകര കൂട്ടപ്പനയിൽ മരുത്തൂർ പാലത്തിന്റെ പാർശ്വഭിത്തിയാണ്  തകർന്നത്. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗർകോവിലിലേക്കുമുള്ള വാഹനങ്ങൾ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്.

കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. തിരുവല്ലത്ത് വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. നാഗർകോവിലിന് സമീപം ഇരണിയിലിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പെരിങ്ങമലയിൽ കിണർ ഇടിഞ്ഞു താണു.

ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയിൽ വിഴിഞ്ഞം ഫിഷറീസ് ലാൻഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകൾ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ടായി. മുപ്പത്തോളം വള്ളങ്ങൾ തകർന്നു. ഗംഗയാർ തോട് കരകവിഞ്ഞ് നിരവധി കടകളിൽ വെള്ളം കയറി.

ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. മണ്ണിടിച്ചില്‍ സാധ്യയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button