അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ കയ്യൊഴിഞ്ഞു എന്ന് പികെ ശ്രീമതിയുടെ ശബ്ദരേഖ
തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അനുപമയുടെ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കയ്യൊഴിഞ്ഞു എന്ന ശബ്ദരേഖ പുറത്ത് വന്നു. സംഭവം വാര്‍ത്തയാകുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നതായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ശബ്ദരേഖ പുറത്ത് വിട്ടത്.
വിഷയത്തില്‍ നമുക്ക് റോള്‍ ഇല്ല കാര്യങ്ങൾ അച്ഛനും അമ്മയും തീരുമാനിക്കട്ടെ അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്ന് പികെ ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തു വരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചുന്നതായി പികെ ശ്രീമതി അനുപമയോട് പറയുന്നു. സെപ്തംബര്‍ മാസത്തില്‍ അനുപമയും പികെ ശ്രീമതിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇത്.
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമ പികെ ശ്രീമതിയുടെ സഹായം തേടിയത്. സിപിഎം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്‌തെന്നും ശ്രീമതി അനുപമയോട് പറയുന്നു. എന്നാല്‍ വിഷയം കമ്മറ്റിയില്‍ ചര്‍ച്ചയായില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്‌എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് ഹവറിൽ വിഷയം ചർച്ചയായതോടെയാണ് അധികാരികൾ നടപടി തുടങ്ങിയത്.