കൊച്ചി വാഹനാപകടം: ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് ഡ്രൈവറുടെ മൊഴി
കൊച്ചി : മുൻ മിസ് കേരള അടക്കം മൂന്നുപേർ മരിക്കാനിടയായ വാഹനാപകടത്തിൽ അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവറുടെ നിർണായക വെളിപ്പെടുത്തൽ. പാർട്ടിക്ക് ശേഷം ഹോട്ടലിൽ നിന്നും പുറപ്പെട്ട തങ്ങളെ ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് ഡ്രൈവർ അബ്ദുൾ റഹ്മാൻ പോലീസിന് മൊഴി നൽകി.
അപകടത്തിന്റെ ചില സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അതിൽ ഒരു കാറ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാർട്ടി നടന്ന ഹോട്ടലിലേക്കെത്തുകയും കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടർന്ന ഓടി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് ഓടി കാറിന്റെ ഡ്രൈവർ മൊഴി നൽകിയത്. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി.ജെ പാർട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടർന്ന് പിന്തുടർന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം.
ഒക്ടോബർ 31-ന് രാത്രി നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അൻസി കബീർ, അൻജന ഷാജൻ, ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മുൻ മിസ് കേരള വിജയികളായ അൻസി കബീറും അൻജന ഷാജനും തൽക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു. കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.