കോൺഗ്രസ് ഗ്രൂപ്പ് യോഗം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പോലീസ് നടപടി തുടങ്ങി
കോഴിക്കോട് : കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഡിസിസി മുന്‍ പ്രസിഡണ്ട് യു.രാജീവന് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെ കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. കോഴിക്കോട്ടെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നു. യാതൊരു പ്രകോപനമില്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് മര്‍ദ്ദത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജന് വി നമ്പ്യാര്‍ക്കാണ് ആദ്യം മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആര്. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന് മാസ്റ്ററുടെ നേതൃത്ത്വത്തില്‍ ടി.സിദ്ദീഖ് അനുയായികളാണ് യോഗം ചേര്‍ന്നത്.