പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട് : പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കാറിലെത്തിയ അക്രമി സംഘം ബൈക്ക് തടഞ്ഞ് സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പൊലീസ് പറയുന്നു. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നും സൂചനയുണ്ട്. പ്രദേശത്ത് നേരത്തെ മുതല്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു.
പിന്നില്‍ നിന്നും കാറിലെത്തിയ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തി വടിവാളിന് വെട്ടുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ സഞ്ജിത്തിനെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് ആറുമണി വരെ മലമ്പുഴ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലായിരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.