കടുത്ത അതൃപ്തി: ഉമ്മന്‍ചാണ്ടി ഇന്ന് സോണിയാഗാന്ധിയെ കാണും
ന്യൂഡല്‍ഹി : സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയുമായി മുന്നോട്ടുപോകുന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉമ്മന്‍ചാണ്ടി.പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണും.
എഐസിസി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിപുലമായ പുനഃസംഘടന പാടില്ലെന്ന് നവംബര്‍ രണ്ടിന് ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പുനസംഘടനയുമായി മുന്നോട്ട് പോകുന്ന കെ സുധാകരനെതിരെ കടുത്ത അതൃപ്തിയുമായാണ് ഉമ്മൻചാണ്ടി ഹൈക്കമാന്റിനെ കാണുന്നത്. പുനഃസംഘടന ഒഴിവാക്കണമെന്ന് ഉമ്മൻചാണ്ടി സോണിയാ ഗാന്ധിയോട് ആവശ്യപ്പെടും.
സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന എ, ഐ ഗ്രൂപ്പുകളുടെ നിർദേശം അവഗണിച്ചാണ് പുനസഘടനയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുന്നോട്ട് പോകുന്നത്. ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാന്‍ പച്ചക്കൊടി കാണിച്ചിരുന്നു എന്നായിരുന്നു സുധാകരന്റെ നിലപാട്.
എഐസിസി ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ മെമ്ബര്‍ഷിപ്പ് ക്യാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകള്‍ നടക്കുക. സ്വാഭാവികമായും എഐസിസി തലത്തിലേക്ക് തെരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. അതിനാല്‍ത്തന്നെ നിലവിലെ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യമായിരിക്കും ഉമ്മന്‍ ചാണ്ടി പ്രധാനമായും ആവശ്യപ്പെടുക.
കുറച്ചുനാള്‍ മുന്‍പ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടന നിര്‍ത്തിവെക്കണം എന്ന ആവശ്യം തന്നെ ആയിരുന്നു ചെന്നിത്തലയും അന്ന് ഉന്നയിച്ചിരുന്നത്.