Top Stories

ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്ത്: അനുപമ

തിരുവനന്തപുരം : ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് ദത്തല്ല  കുട്ടിക്കടത്തെന്ന് അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും പുറത്താക്കുകയും വേണമെന്നും അനുപമ പറഞ്ഞു.

അമ്മയായ തന്നേയും കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ സാധാരണ കുടുംബത്തേയുമാണ് തന്റെ പദവി ദുരുപയോഗം ചെയ്ത് ഷിജുഖാന്‍ ധര്‍മ സങ്കടത്തിലാക്കിയത്. ഷിജുഖാനെ പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും അനുപമ വ്യക്തമാക്കി.

ഇവിടെ നടന്നത് ദത്തല്ല, കുട്ടിക്കടത്താണ്. തന്റെ കുട്ടിയെ ലഭിച്ചത് മുതല്‍ ഷിജുഖാനെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചു. അങ്ങനെയാണ് കൈമാറിയ കുട്ടിയെ അമ്മത്തൊട്ടിലില്‍ ലഭിച്ചെന്ന് പറഞ്ഞതും ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയതും. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി എടുക്കണം.

ഷിജുഖാനെ സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുകയാണ്. കുട്ടിയെ തിരികെ ലഭിച്ചാലും തെറ്റ് ചെയ്തവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്താതെ സമരത്തില്‍ നിന്ന് പിന്മാറില്ല. തന്റെ കുഞ്ഞിനെ ഇന്ന് കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നും അനുപമ പറഞ്ഞു.

അതേസമയം, അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നു തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ ആന്ധ്രയിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ച്‌ വിജയവാഡയിലുള്ള ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങി. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെടുന്ന സംഘം ഇന്നു കുഞ്ഞുമായി തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരത്ത് എത്തിച്ചാലുടന്‍ ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാംപിള്‍ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ് ചന്ദ്രന്‍, ഭര്‍ത്താവ് അജിത്ത് കുമാര്‍ എന്നിവരുടെ സാംപിളുകള്‍ ശേഖരിക്കാനും നോട്ടിസ് നല്‍കും. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ആണെന്നു തെളിഞ്ഞാല്‍ കോടതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അനുമതിയോടെ അവര്‍ക്കു വിട്ടു കൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button