തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം
ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം ലഭിച്ചത്. കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വര്‍ധന ഉണ്ടായി. ഒന്നേകാല്‍ ലക്ഷംമ ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി. വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്.
നാളികേരം ലേലത്തില്‍ പോകാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് തന്നെ ദിവസവും തൂക്കി വില്‍ക്കുകയാണ്. പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോര്‍ഡ് നേരിട്ട് വില്‍ക്കുന്നത്. മുന്‍ കാലങ്ങളില്‍ ദേവസ്വം ബോര്‍ഡിന് ഏറ്റവും അധികം വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇക്കുറി പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ആദ്യ ഏഴ് ദിവസത്തില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ദര്‍ശനം നടത്തിയത്.