എല്‍എല്‍ബി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും പിടിയിൽ
കൊച്ചി : ഗാര്‍ഹികപീഡന പരാതി നല്‍കിയ മൊഫിയ പര്‍വീണ്‍ (21) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും പിടിയിലായി. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.
ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ കെ. ദില്‍ഷാദിന്റെയും ഫാരിസയുടെയും മകളായ മൊഫിയ പര്‍വീണ്‍ ചൊവ്വാഴ്ച വൈകിട്ടാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സി.ഐ. സി.എല്‍. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു.
2021 ഏപ്രില്‍ മൂന്നിന് കോതമംഗലം ഇരുമലപ്പടി സ്വദേശി മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ നിക്കാഹ് കഴിഞ്ഞിരുന്നു. ഭർതൃ വീട്ടിൽ ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടിവന്ന യുവതി വൈകാതെ തിരിച്ച് വീട്ടിലെത്തി. ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും പീഡനത്തെ സംബന്ധിച്ച് മൊഫിയ ഒരു മാസം മുന്‍പ് ആലുവ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. ചൊവ്വാഴ്ച ആലുവ സി.ഐ.യുടെ സാന്നിധ്യത്തില്‍ ഇരു വീട്ടുകാരുമായും മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനിടയില്‍ സി.ഐ. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
പരാതിക്കാരിയെയും കുടുംബത്തെയും ഭര്‍ത്തൃവീട്ടുകാരുടെ മുന്‍പില്‍വെച്ച് അവഹേളിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിവന്ന യുവതി ഒറ്റയ്ക്കിരിക്കണമെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചു. വീട്ടുകാര്‍ വിളിച്ചിട്ടും തുറക്കാതായതോടെ ജനല്‍ വഴി നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിയാണ് മൊഫിയ.
ഭർത്തൃവീട്ടുകാർക്കെതിരേയും ആലുവ സി.ഐ. സി.എൽ. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മൊഫിയ എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. എന്നാൽ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയെന്ന് പറയുന്നതൊഴിച്ചാൽ സിഐക്കെതിരെ കാര്യമായ നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല.