ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യൂ.സിക്കും എതിരെ ഗുരുതര കണ്ടെത്തലുകളുമായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യൂ.സിക്കും എതിരെ ഗുരുതര കണ്ടെത്തലുകളുമായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. സി.ഡബ്ല്യൂ.സിയുടെയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വന്‍ വീഴ്ച. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നുവെന്നും വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമയുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഷിജു ഖാന് നേതൃത്വം നല്കുന്ന ശിശുക്ഷേമ സമിതിയും അഡ്വക്കേറ്റ് സുനന്ദ നേതൃത്വം നല്കുന്ന സി.ഡബ്ല്യൂ.സിയും അനുപമയുടെ കുട്ടിയെ കടത്തുന്നതിൽ കുറ്റകരമായ ഗൂഡാലോചന നടത്തിയെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ സമര്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യൂ.സിക്കും ഉണ്ടായ വീഴ്ചകള്‍ അക്കമിട്ട് പറയുന്നു.
കുട്ടിക്ക് വേണ്ടി അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ല. അനുപമയുമായുള്ള സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല എന്നിങ്ങനെയുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. മാത്രമല്ല ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ തിരിമറികൾ നടത്തിയിട്ടുണ്ടന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.