സിഐയെ സസ്‌പെൻഡ് ചെയ്യണം: രണ്ടാം ദിവസവും സമരം തുടർന്ന് കോൺഗ്രസ്
കൊച്ചി : ആലുവയില്‍ നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധം തുടര്‍ന്ന് യുഡിഎഫ്. ആലുവ വെസ്റ്റ് മുന്‍ സിഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് സമരം.
രാവിലെ പതിനൊന്ന് മണിക്ക് റൂറല്‍ എസ് പിയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. സി ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. മരണത്തിന് മുന്‍പ് മോഫിയയ്ക്ക് നീതി കിട്ടിയില്ലെന്നും, ഇനിയെങ്കിലും നീതികിട്ടണമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. സമരം തുടരുന്ന നേതാക്കളെ കാണാന്‍ മോഫിയയുടെ മാതാവ് ആലുവ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ കരുണ കാണിച്ചിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് യുവതിയുടെ മാതാവ് പ്രതികരിച്ചു.
മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തില്‍ സുധീര്‍ കുമാറിനെ പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും. സംഭവത്തേക്കുറിച്ച് എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടര്‍നടപടികള്‍ ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ അറിയിപ്പ്.
എന്നാല്‍ കോണ്‍ഗ്രസ് ഈ വാഗ്ദാനത്തെ വിശ്വസിക്കുന്നില്ല. ബെന്നി ബഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുന്നത്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സ്റ്റേഷന്‍ ഉപരോധം തുടര്‍ന്നാല്‍ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അതിനും വഴങ്ങാതെയാണ് എംപിയും എംഎല്‍എയും രംഗത്തിറങ്ങിയിരിക്കുന്നത്. സുധീര്‍കുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തില്‍ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സര്‍വ്വീസില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്.
നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേല്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.