News
മോഫിയയുടെ ആത്മഹത്യ: കോൺഗ്രസ്സിന്റെ എസ്‍പി ഓഫീസ് മാർച്ചിൽ സംഘർഷം
ആലുവ : നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐ സുധീര്‍ കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തം. ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.
കേസില്‍ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുന്‍ സിഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കേസെടുക്കുന്നത് വരെ സമരം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്നലെ പകലാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധം തുടങ്ങിയത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, എംപി ബെന്നി ബെഹന്നാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.