Politics

മമ്പറം ദിവാകരനെ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി

കണ്ണൂര്‍ : മുതിർന്ന കോൺഗ്രസ്‌ നേതാവും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനുമായ മമ്പറം ദിവാകരനെ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി. പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി.  തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക പാനലിനെതിരെ സ്വന്തം പാനല്‍ അവതരിപ്പിച്ച്‌ മത്സരിക്കുന്നതാണ് പുറത്താക്കാനുള്ള കാരണം.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച്‌ ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

ബ്രണ്ണന്‍ കോളേജ് വിഷയത്തിലുള്ള വിവാദങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മമ്പറം ദിവാകരനും പരസ്യമായി പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു.  കെപിസിസി അദ്ധ്യക്ഷന്‍ പക്വത കാണിക്കണമെന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്. സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ ദിവാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button