മോഫിയ ആത്മഹത്യ ചെയ്തത് സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം കൊണ്ടെന്ന് എഫ് ഐ ആർ
കൊച്ചി : മോഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി എഫ്ഐആർ. സുധീറിന്റെ മോശം പെരുമാറ്റമാണ് മോഫിയയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും, ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം കൊണ്ടാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലാണ് സിഐ സുധീറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിവാഹസംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനായി ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭർത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീർ കയർത്തു സംസാരിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
ഭർതൃപീഡനത്തിന് പരാതി നൽകിയ മോഫിയയെ സിഐ സുധീർ സ്റ്റേഷനിൽ വെച്ച് അധിക്ഷേപിച്ചുവെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. ഭർതൃപീഡനത്തെക്കുറിച്ച് പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ മോഫിയ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ മോഫിയയുടെ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭർതൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭർതൃപിതാവ് മൂന്നാം പ്രതിയുമാണ്.