Editorial
പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുന്നതെന്തിന് ?
പൗരത്വ ഭേദഗതി ബിൽ ലോക് സഭയിൽ 80 നെതിരെ 311 വോട്ടിനും രാജ്യസഭയിൽ 99 നെതിരെ 125 വോട്ടിനും പാസായി.
നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്ന് ജാതി വിവേചനത്തിന്റെയും പീഢനങ്ങളുടെയും നിർബ്ബന്ധിത മതപരിവർത്തനങ്ങളുടെയും ഫലമായി ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു ജൈന പാഴ്സി ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം നല്കാൻ ഉദ്ദേശിച്ചുകൊണ്ട് അവതരിപ്പിച്ച ഈ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥ തലങ്ങളുണ്ട്.
ലോക്സഭയിൽ NDA ക്ക് ഭൂരി പക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ല.
രാജ്യസഭയിൽ ബില്ല് പാസായത് 99 ന് എതിരെ 125 വോട്ടുകൾക്കാണ്. എൻഡിഎ ഘടകകക്ഷികളല്ലാത്തവരും ബില്ലിനനുകൂലമായി വോട്ട് ചെയ്തു എന്ന് വ്യക്തമാണ്.നിയമ നിർമ്മാണ സഭ പാസാക്കിയ ഒരു നിയമത്തിരെ കോൺഗ്രസ് ഉയർത്തുന്ന
പ്രധാന വിമർശനം ബിജെപിയുടെ വർഗീയതയാണ്. എന്നാൽ ഈ വിമർശനം ബൂമറാങ്ങ് പോലെ തിരികെ കോൺഗ്രസിനു വന്നു കൊള്ളുന്നതായിട്ടാണ് കാണുന്നത്.
അഫ്ഗനിസ്ഥാൻ പാക്കിസ്ഥാൻ ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ മുസ്ലിം രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെ മതവിവേചനത്തിന്റെയും പീഢനത്തിന്റെയും മതപരിവർത്തനത്തിന്റെയും ഫലമായിട്ട് ന്യൂനപക്ഷ സമുദായങ്ങൾ ജീവനും വിശ്വാസവും സംരക്ഷിക്കാനാണ് ഇന്ത്യയിൽ അഭയം തേടിയത്. ഇന്ത്യയിൽ മുസ്ലിങ്ങൾ ജീവിക്കുന്നതുപോലെ തല ഉയർത്തി ജീവിക്കാൻ ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ അവർ പിറന്ന നാടും സ്വത്തുക്കളും ഉപേക്ഷിച്ച് അഭയാർത്ഥികളായി ഇന്ത്യയിൽ അഭയം തേടുമായിരുന്നില്ല. എന്നാൽ മതവി വേചനത്തിന്റെ പേരിൽ ഒരു മുസ്ലിം പോലും ഇന്ത്യയിൽ എത്തണ്ട കാര്യമില്ല. പിന്നെ എന്തിന് ചിലർ ഇവിടേക്ക് നുഴഞ്ഞു കയറി ? ഇന്ത്യയെ അട്ടിമറിക്കാനും ഭീകരപ്രവർത്തനങ്ങൾ നടത്താനും മതമൗലിക ആശയങ്ങൾ പ്രചരിപ്പിക്കാനും ഇവിടെ എത്തിയവരെ പൂമാല ഇട്ട് സ്വീകരിക്കണമെന്ന് പറഞ്ഞാൽ രാജ്യസ്നേഹമുള്ളവർക്ക് അത് അംഗീകരിക്കാൻ കഴിയില്ല.
ബില്ലിനെതിരെ കോൺഗ്രസിനൊപ്പം വോട്ടു ചെയ്യ്ത കമ്മ്യൂണിസ്റ്റ്കാരാകട്ടെ എന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ഇവിടെ അരാജകത്വം വളർത്താനും ശ്രമിച്ചവരാണ്. 1962 ലെ യുദ്ധകാലത്ത് ചൈനയെ പിൻതുണച്ചവരുടെ പിൻഗാമികളിൽ നിന്ന് രാജ്യസ്നേഹം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. കേരളത്തിലെ കോൺഗ്രസിന്റെ വിശ്വസ്ഥ പങ്കാളികളായ മുസ്ലിംലീഗാകട്ടെ 1947ലെ വിഭജന കാലത്ത് പാക്കിസ്ഥാൻ അനു കൂല നിലപാട് സ്വീകരിച്ചവരാണ്. “പത്തണക്കൊരു കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാൻ ” എന്ന് മുദ്രാവാക്യം വിളിച്ചവരുടെ പിൻതലമുറയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളത് ? ദേശീയ നിലപാടു സ്വീകരിച്ച മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിനെ പിന്നിൽ നിന്ന് കുത്തിയവരുടെ തോളിൽ കയ്യിട്ടു നിന്നാണ് കോൺഗ്രസ് മതേതരത്വം പറയുന്നത്.
ബാലേക്കോട്ട് അക്രമ കാലത്തും കാശ്മീരിന്റ പ്രത്യേക പദവി എടുത്തു കളയുന്ന കാര്യത്തിലും ഇപ്പോൾ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ കാര്യത്തിലും കോൺഗ്രസ് രാജ്യത്തെ സ്നേഹിക്കുന്നവർക്കൊപ്പമല്ല. കോൺഗ്രസ് നേതാക്കന്മാർക്ക് ഇപ്പോൾ കാണിക്കുന്ന പ്രതിഷേധങ്ങളിൽ ആത്മാർത്ഥത ഉണ്ടങ്കിൽ വരുന്ന തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ കശ്മീരിനു പ്രത്യേക അവകാശം പുന സ്ഥാപിക്കുമെന്നും പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നുമുള്ള വാഗ്ദാനം വച്ചുകൊണ്ട് വേണം വോട്ടു ചോദിക്കാൻ.ജനങ്ങൾ തീരുമാനിക്കട്ടെ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ദേശീയ ബോധവും ദിശാബോധവും നഷ്ട്ടപ്പെടുകയാണോ.