ലഹരിയുമായി പിടിയിലായ എക്സൈസ് ഉന്നതന്റെ മകന് ചട്ടംലംഘിച്ച് സ്റ്റേഷന്‍ ജാമ്യം
കോഴിക്കോട് : മയക്കുമരുന്നുമായി പിടിയിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്‍റെ മകന് ചട്ടംലംഘിച്ച് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മീഷണര്‍ കെ എ നെല്‍സന്‍റെ മകന്‍ നിര്‍മ്മലിനെയാണ് കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രത്യേക പരിഗണന നല്‍കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് അയച്ചത്.
എന്‍ഡിപിഎസ് കേസുകളില്‍ മയക്കുമരുന്നിന്‍റെ അളവ് എത്രയായാലും സ്റ്റേഷന്‍ ജാമ്യം നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ മകനുവേണ്ടി ഇപ്പോള്‍ പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാര്‍ത്ഥിയായതുകൊണ്ടുമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിര്‍മ്മലിനെ ശനിയാഴ്ച്ച രാത്രിയാണ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫ് പിടികൂടി എക്സൈസിന് കൈമാറുകയായിരുന്നു. നാലുഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് വ്യക്തമാക്കുന്നു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ രാത്രിതന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു.