കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്.
മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ആണ് തോമര്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് ബില്‍ പാസാക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ രണ്ടു മണി വരെ നിര്‍ത്തി.
ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേരും. രാവിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാർഷിക നിയമം പിൻവലിക്കുന്നതിനുള്ള ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് നിർത്തിവെച്ച സഭ 12 മണിക്ക് പുന:രാരംഭിച്ചപ്പോഴാണ് ബിൽ പാസാക്കിയത്. രാജ്യസഭയിലും ബിൽ ഇന്നു തന്നെ പാസാക്കിയെടുക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തുന്നത്.
ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സഭ ചേരുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ ലേഖകരോടു പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഏതു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ സഭയുടെയും ചെയറിന്റെയും അന്തസ് പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഏറെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ ഈ മാസം 19-നാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കർഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ നിയമം പാസാക്കി ഒരു വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.