വിവാദമായ കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കാനുള്ള ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡല്‍ഹി : വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. രാവിലെ ലോക്സഭ പാസാക്കിയ ബില്‍ രണ്ടു മണിയോടെ രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു. ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ആയിരുന്നു ഇരു സഭയും ചര്‍ച്ചയില്ലാതെ ബില്‍ പസാക്കിയത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയ സാഹചര്യത്തിൽ ഇനി രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്‍ നിലവില്‍ വരും. ഇതോടെ മൂന്നു കാര്‍ഷിക നിയമങ്ങളും അസാധുവാവും. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ഇരു സഭകളിലും പിന്‍വലിക്കല്‍ ബില്‍ അവതരിപ്പിച്ചത്. മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ഒറ്റ ബില്‍ ആണ് തോമര്‍ അവതരിപ്പിച്ചത്.
ബില്ലില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് ബില്‍ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
ബില്ലില്‍ ചര്‍ച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച വേണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഈ മാസം ആദ്യമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കര്‍ഷക സംഘടനകള്‍ ഒരു വര്‍ഷത്തോളമായി സമരം തുടരുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു പ്രഖ്യാപനം.