തൃശ്ശൂരിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു
തൃശൂർ : ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളേജിലും മരണപ്പെട്ടു.
ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമയാണ് മരിച്ച നിഷാന്ത്. പടിയൂര്‍ സ്വദേശി ബിജു ഇരിങ്ങാലക്കുടയില്‍ തട്ടുകട നടത്തുന്നയാളാണ്.
ഇന്നലെ രാത്രിയാണ് നിഷാന്തിന്റെ കോഴിക്കടയുടെ പുറകിലിരുന്ന് ഇരുവരും മദ്യപിച്ചത്. രണ്ട് ഗ്ലാസ്സും ഒരു കുപ്പിയും പൊലീസിന് സംഭവസ്ഥലത്തു നിന്നും കിട്ടിയിട്ടുണ്ട്. നാടന്‍ മദ്യമാണ് കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യം കഴിച്ച് അല്‍പ്പസമയത്തിനകം ബിജു കുഴഞ്ഞു വീണു. വായില്‍ നിന്നും നുരയും പതയും വന്നിരുന്നു.
സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദ്രാവകത്തിന്റെ സാമ്പിളുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണൽ ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.