സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങൾ
പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് ബാധമൂലം ബുധനാഴ്ച 5 പേർ മരിച്ചു. കോഴിക്കോട് മൂന്ന് പേരും ആലപ്പുഴയിൽ ഒരാളും പത്തനംതിട്ടയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു.
പത്തനംതിട്ടയിൽ കോവിഡ് ബാധിതനായി മരിച്ചത് കലഞ്ഞൂര്‍ സ്വദേശി രാമകൃഷണ പിള്ള (73) ആണ്. പക്ഷാഘാത ബാധിതനായിരുന്ന രാമകൃഷ്ണ പിള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് കോഴിക്കോട് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ്. മറ്റ് രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മൂന്നു പേരും മരിച്ചത്.
നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ(69) ആണ് മരിച്ച കോഴിക്കോട് സ്വദേശി. ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ ആണ് മരിച്ച മറ്റൊരാൾ. മലപ്പുറം ചെറിയ കുന്ന് സ്വദേശിയായ ഏത്തീൻ ക (71) ആണ് കോവിഡ് മൂലം മരിച്ച മറ്റൊരാൾ. ഇന്നലെയാണ് മുഹമ്മദ് ഇഖ്ബാലും എത്തീൻകുട്ടിയും മരിച്ചത്. അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു.
ആലപ്പുഴ കനാൽ വാർഡിൽ താമസിക്കുന്ന ക്ലീറ്റസ് (82) ആണ് കോവിഡ് മൂലം ഇന്ന് മരിച്ച അഞ്ചാമത്തെയാൾ. പനിയെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ക്ലീറ്റസ് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ റിപ്പോർട്ട് ബുധനാഴ്ചയാണ് പുറത്തുവന്നത്.