Top Stories

റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ ഇളവു ചെയ്യ്ത് ഹൈക്കോടതി

കൊച്ചി : കൊട്ടിയൂര്‍ പിഡന കേസിലെ കുറ്റവാളി റോബിന്‍ വടക്കുംചേരിക്കു ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ഇരുപതു വര്‍ഷം ശിക്ഷ പത്തു വര്‍ഷമായാണ് ഹൈക്കോടതി കുറച്ചത്. ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും, റോബിന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടു. റോബിന് എതിരായ പോക്‌സോ വകുപ്പുകളും ബലാത്സംഗ കുറ്റവും നിലനില്‍ക്കുമെന്നു ഹൈക്കോടതി കണ്ടെത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ആയിരുന്ന റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. റോബിന്‍ മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്‌സോ കോടതി വിധിച്ചിരുന്നു.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വികാരിയായിരിക്കെ 2016ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോബിന്‍ പീഡിപ്പിച്ചത്. പള്ളിയില്‍ ആരാധനയ്ക്ക് വരുന്നതിനൊപ്പം കംപ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെ സ്വന്തം മുറിയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

റോബിന്റെ പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ വച്ച് പ്രസവിച്ചു. പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. കേസിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കുറ്റം ചുമത്താന്‍ ശ്രമമുണ്ടായി.

2017 ഫെബ്രുവരിയില്‍ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ആശുപത്രി അധികൃതര്‍ അടക്കം ആകെ പത്ത് പേര്‍ കേസില്‍ അറസ്റ്റിലായി. എന്നാല്‍ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച്‌ സുപ്രീംകോടതി കുറ്റവിമുക്തരാക്കി.

വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂര്‍ത്തി ആയെന്നും ഇത് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്‌സോ കോടതി തള്ളുകയായിരുന്നു. ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോബിനെ ശിക്ഷിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button