യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതികൾ കസ്റ്റഡിയിൽ
കൽപ്പറ്റ : വയനാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. തങ്ങൾ കാട്ടുപന്നിയെ വേട്ടയാടാൻ പോയതാണെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. അപ്പോഴാണ് കാവലിരുന്ന രണ്ടുപേർക്ക് വെടിയേറ്റത്. സംഭവം നടന്ന സ്ഥലത്ത് തന്നെ താമസിക്കുന്നവരാണ് പ്രതികൾ.
തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത്. കാട്ടു പന്നി കയറാതിരിക്കാനായി വയലിൽ കൃഷിക്ക് കാവലിരുന്നതായിരുന്നു ജയൻ. ഒപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.