മുൻ എംഎല്‍എയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി : അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെ മകന് പൊതുമരാമത്തു വകുപ്പില്‍ ആശ്രിത നിയമനം നല്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. പൊതുമരാമത്തു വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജി അനുവദിച്ചുകൊണ്ടാണ്, ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
പാലക്കാട് സ്വദേശിയാണ് കെകെ രാമചന്ദ്രന്റെ മകന് ആര് പ്രശാന്തിന് ആശ്രിത നിയമനം നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്. എന്‍ജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ അസി. എന്‍ജിനിയര്‍ തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനം നല്കാന് വ്യവസ്ഥയില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിര്‍ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ പ്രത്യേകം അധികാരം വിനിയോഗിച്ചാണ് നിയമനം നല്‍കിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. 2018 ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ജോലി നല്‍കിയതെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജജ്യോതിലാല്‍ നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞു. പ്രശാന്തിന് ജോലി നല്‍കിയത് തനിക്ക് ഏതെങ്കിലും തരത്തില്‍ ദോഷകരമായെന്ന് ഹര്ജിക്കാരന് പരാതിയില്ല. ഈ വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.