സൈനിക ഹെലികോപ്റ്റർ അപകടം: 11 പേർ മരിച്ചന്ന് റിപ്പോർട്ട്
ഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ 11 പേർ മരിച്ചന്ന് റിപ്പോർട്ട്. 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുന്നു. അപകടം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച വ്യോമസേനയുടെ എം ഐ 17 V5 ഹെലിക്കോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. റാവത്തിനെയും ഭാര്യയെയും കൂടാതെ ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരും അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നു.
ബിപിൻ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻറെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ 11 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഹെലികോപ്ടറിലുണ്ടായിരുന്നവരെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രദേശത്ത് പോലീസിന്റേയും സൈന്യത്തിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.