Editorial

രാജ്യത്തിന് നഷ്ടമായത് മിന്നലാക്രമണങ്ങളുടെ സൂത്രധാരനെ

1947 ആഗസ്റ്റ് 15 ന് അർദ്ധരാത്രിയിൽ ഭാരതം സ്വാതന്ത്ര്യം നേടിയ നാൾ മുതൽ രാജ്യം കടന്നു പോയത് സമാനകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ്
കാശ്മീർ കൈയ്യടക്കാൻ വന്ന പാക്കിസ്ഥാൻ്റെ കൂലിപട്ടാളത്തെയാണ് സ്വതന്ത്ര ഭാരതത്തിൻ്റെ സൈന്യത്തിന് ആദ്യം നേരിടേണ്ടിവന്നത്. തുടർന്ന് 1962 ൽ സുഹൃത്തായി നടിച്ചിരുന്ന ചൈനയുടെ ചതിയായിരുന്നു.1965 ലും 1971ലും പാക്കിസ്ഥാനുമായി ഏറ്റുമുട്ടി. കാർഗിൽ മലനിരകളിൽ നിന്ന് പാക്ക് സൈന്യത്തെ തുരത്താൻ 1999 ലും യുദ്ധം ചെയ്യേണ്ടി വന്നു. പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാർ കാശ്മീരിൽ അപ്രഖ്യാപിത യുദ്ധം നടത്തുമ്പോൾ 2016 മുതൽ ഹിമാലയൻ മലനിരകളിൽ ചൈന പ്രകോപനം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ രാജ്യം സങ്കീർണമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയ ജനറൽ വിപിൻ റാവത്തിനെ നഷ്ടമാകുന്നത്.

പ്രഗത്ഭന്മാരായ ജനറലന്മാരെ രാജ്യത്തിനു സമ്മാനിച്ച പാരമ്പര്യമാണ് നമ്മുടെ സായുധസേനയ്ക്കുള്ളത്.
ജനറൽ തിമ്മയ്യ, ജനറൽ കരിയപ്പ, ഫീൽഡ്‌ മാർഷൽ സാം മനേക് ഷാ തുടങ്ങി ലോകത്തിലെ തന്നെ മികച്ച സേനാനായകന്മാർക്ക് ജന്മം നല്കിയ ഇന്ത്യൻ കരസേനയുടെ മികച്ച സംഭാവനകളിലെന്നായിരുന്നു ജനറൽ വിപിൻ റാവത്ത്. സാം മനേക് ഷായെപ്പോലെ ഗൂർഖാ റജിമെൻ്റിലൂടെയാണ് റാവത്തും കരസേനയുടെ തലപ്പത്തെത്തുന്നത്. മനേക്ഷാ തൻ്റെ അന്ത്യനാളുകളിൽ ജീവിച്ച ഊട്ടിയിലെ മലനിരകളിൽ തന്നെയാണ് വിപിൻ റാവത്തിൻ്റെ അന്ത്യവും സംഭവിച്ചത്.

1958 മാർച്ച് 16ന് ഉത്തരാഖണ്ഡിൽ ജനിച്ച റാവത്തിന് സൈനിക സേവനം പാരമ്പര്യത്തിന്റെ മഹത്വത്തിൽ പകർന്നുകിട്ടിയ രാജ്യസേവന മാർഗമായിരുന്നു. ഇന്ത്യൻ സൈന്യത്തിലെ ലെഫ്റ്റനൻ്റ് ജനറലായിരുന്ന ലക്ഷ്മൺ സിങ് റാവത്തിൻ്റെ മകന് സൈനികസേവനം ജീവിത ലക്ഷ്യമായിരുന്നു.1978ൽ ഇന്ത്യൻ സൈന്യത്തിൽ അംഗമായ റാവത്ത് ഉന്നതങ്ങളിലെത്തിച്ചേർന്നത് കഠിനാദ്ധ്വാനം കൊണ്ടും അർപ്പണബോധം കൊണ്ടുമാണ്.

പരമവിശിഷ്ടാ സേവാമെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്ട്ട സേവാമെഡൽ തുടങ്ങി സൈനിക സേവന രംഗത്തെ മികച്ച ബഹുമതികളൊക്കെ അദ്ദേഹം കരസ്ഥമാക്കി. ഉയർന്ന പർവ്വത മേഖലകളിലെ യുദ്ധത്തിൽ പ്രാവീണ്യം നേടിയ സേനാനായകനെയാണ് നിർണായകമായ ഒരു സന്ദർഭത്തിൽ രാജ്യത്തിന് നഷ്ട്മായത്.18 ഇന്ത്യൻ സൈനികരെ കൊന്ന യുൽഫാ കലാപകാരികളെ ബർമ്മയിലെ അവരുടെ ഒളിത്താവളങ്ങളിൽ ചെന്ന് ആക്രമിച്ചു കൊലപ്പെടുത്തിയത് റാവത്തിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായിട്ടായിരുന്നു. ഇന്ത്യൻ സേനയിൽ പുതുതായി മിസൈൽ ഫോഴ്സ് ആരംഭിക്കാനും മൂന്നു സേനാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി തിയേറ്റർ കമാൻഡ് ആരംഭിക്കാനുമുള്ള തീരുമാനം അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഉദാഹരണങ്ങളാണ്.

കുനൂരിലെ മലനിരകളിൽ പൊലിഞ്ഞു പോയവരുടെ കൂട്ടത്തിൽ റാവത്തിന് എല്ലാ പിൻന്തുണയും നല്കി ഒപ്പം നിന്ന അദ്ദേഹത്തിൻ്റെ സഹധർമ്മിണി മധുലികയും ഉണ്ടായിരുന്നു
യുദ്ധരംഗത്ത് കൊല്ലപ്പെട്ട ജവാന്മാരുടെ വിധവകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയായിരുന്നു മധ്യപ്രദേശിലെ സോഹൻപൂർ രാജവംശത്തിൽ ജനിച്ച മധുലിക.
ജനറൽ വിപിൻ റാവത്തിനും അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്കും ഒപ്പം കൊല്ലപ്പെട്ട ധീരദേശാഭിമാനികളായ സൈനികർക്കും കോടി പ്രണാമം.

രാജ്യത്തിന് വേണ്ടി ജീവിച്ചു മരിച്ച നമ്മുടെ സൈനികരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കാൻ രാജ്യത്തെ ഓരോ പൗരനും ചുമതലയുണ്ട്. ജീവൻ പൊലിഞ്ഞ ഉറ്റവരുടെ തീരാ ദു:ഖത്തിൽ ന്യൂസ് നെറ്റ് കേരളയും പങ്കുചേരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button