തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം. യുവാവിനെ പിന്തുടര്‍ന്ന് വെട്ടിക്കൊന്ന അക്രമിസംഘം കാല്‍ വെട്ടിയെടുത്ത് വഴിയരികില്‍ ഉപേക്ഷിച്ചു. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെയാണ് (35) ആക്രമിസംഘം വീട്ടിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. മക്കളുടെ മുന്നില്‍വച്ച് സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത അക്രമിസംഘം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ വെട്ടുകളുണ്ട്.
ആറ്റിങ്ങല്‍, മംഗലപുരം സ്‌റ്റേഷനുകളില്‍ ഗുണ്ടാകേസുകളില്‍ പ്രതിയായ ആളാണ് മരണമടഞ്ഞ സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ സുധീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ സുധീഷിനെ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.