Top Stories
തന്നെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലന്ന് ഗവർണർ
ഡൽഹി : വിസി നിയമനത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഗവർണർ. തന്നെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ഇതിന് പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക എന്നതാണെന്നും ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ തയ്യാറാണന്നും അദ്ദേഹം ആവർത്തിച്ചു. രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല എന്ന പരിപൂർണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നതവിദ്യഭ്യാസ രംഗത്തെ അമിത രാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍. ഒരു ഏറ്റുമുട്ടലിനില്ലെന്നും ഉറപ്പ് എങ്ങനെ നല്‍കണം എന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഗവര്‍ണര്‍ പറയുന്നു. ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം, എന്നാൽ തന്നെ ചാൻസിലറായി മുൻനിർത്തി അത് വേണ്ട. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത്. ഗവർണർ എന്നത് പേരിന് മാത്രമാണുള്ളതെങ്കിൽ തന്റെ സമയം നഷ്ടപ്പെടുത്താൻ താൽപ്പര്യമില്ലന്നും അദ്ദേഹം വ്യക്തമാക്കി.