Top Stories

പിണറായിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയർത്തി സിപിഎം സമ്മേളനം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമുയർത്തി  സിപിഎം ഏരിയ സമ്മേളനം.  തിരുവനന്തപുരം കാട്ടാക്കട ഏരിയാ സമ്മേളനത്തിലാണ്  പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുയർന്നത്. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ വിമർശനമുന്നയിച്ചു.

തുടര്‍ഭരണം ലഭിച്ച്‌ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഏകാധിപത്യ സ്വഭാവമാണ് കാണിച്ചത്. നടത്തിപ്പുകാരന്റെ ഇഷ്ടക്കാര്‍ മാത്രം മന്ത്രിമാരായി. പുതിയ മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.  പരിചയസമ്പന്നരെ പൂര്‍ണമായി ഒഴിവാക്കിയത് മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ പാളിച്ചകൾ ഉണ്ടാക്കുന്നുവെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പൊലീസ് ഭരണത്തിലെ വീഴ്ചകളിലും പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്. പൊലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ആര്‍എസ്‌എസുകാരാണ്. ഉദ്യോഗസ്ഥ തലത്തില്‍ ആര്‍എസ്‌എസ് സ്ലീപ്പിങ്ങ് സെല്ലുകള്‍ സജീവമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.

മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐയും അവര്‍ ഭരിക്കുന്ന റവന്യൂ വകുപ്പുമാണ് കുറ്റക്കാരെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. നിര്‍ണായക സമയത്തെല്ലാം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന സിപിഐയുടെ യഥാര്‍ഥസ്ഥിതി തുറന്നുകാണിക്കാന്‍ പാര്‍ട്ടി തയ്യാറാകണമായിരുന്നു. ഇതിന് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറായില്ല. റവന്യു വകുപ്പില്‍ നടക്കുന്നത് പണപ്പിരിവാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി.

കെ റെയില്‍ പദ്ധതി സംബന്ധിച്ചും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. കെ റെയില്‍ പദ്ധതിയുടെ ഓഫീസില്‍ ഡെപ്യൂട്ടി മാനേജരായി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ നിയമിച്ചതിനെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് അഫിലിയേഷന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിനോട് സിപിഎം വിശദീകരണം തേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button