Top Stories

12 മണിക്കൂറിനിടെ സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍

ആലപ്പുഴ : പന്ത്രണ്ട് മണിക്കൂറിനിടെ സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ.കെ.എസ്. ഷാന്‍, ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.  കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയുമാണ് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ ഇന്ന് പുലര്‍ച്ചെ കൊലപ്പെടുത്തി. പതിനഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്.

ശനിയാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കെ.എസ് ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികള്‍ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങള്‍പ്രകാരം അഞ്ചംഗ സംഘമാണ് കെ.എസ് ഷാനെ വെട്ടികൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കെ.എസ് ഷാന്‍. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സംഭവം നടന്നതിന് പിന്നാലെ എസ്.ഡി.പി.ഐ പ്രതികരിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. വീട്ടില്‍ കയറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരന്നു സംഭവം. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടംഗ സംഘമാണ് രഞ്ജിത്തിന്‍റെ കൊലപാതത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരങ്ങള്‍. സംഭവത്തിന് എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button